Sunday, 27 May 2007

ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക്‌


ലോകജനസംഖ്യയു ടെ ഇരുപത്‌ ശതമാനം വരുന്ന സമ്പന്നരാണ്‌ മൊത്തം ജി.എന്‍. പിയുടെ എണ്‍പത്തിയാറ്‌ ശതമാനവും ഉപയോഗിക്കുന്നത്‌. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച്‌ തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്‌. ആകെ ടെലഫോണ്‍ ലഭ്യതയുടെ എഴുപത്തിനാല്‌ ശതമാനവും ഇവര്‍ക്കാണ്‌ പ്രാപ്യമായിട്ടുള്ളത്‌. (1)മറ്റൊരു തലത്തിലേക്ക്‌ മേല്‍വിവരിച്ച സ്ഥിതിവിവര കണക്കുകളെ മാറ്റിയാല്‍; ലോകത്തിലെ ഇലക്‌ട്രോണിക്‌ മാലിന്യത്തിന്റെ 80 ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍, സിംഗപ്പൂര്‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ്‌ ഉണ്ടാക്കുന്നത്‌. ഇവിടെയൊക്കെ ഇ -മാലിന്യ സംസ്‌ക്കരണത്തിന്‌ ശക്തമായ നിയമങ്ങളും നിലവിലുണ്ട്‌. 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കംപ്യൂട്ടറുകള്‍ ഉപയോഗശൂന്യമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‌്‌ മാലിന്യങ്ങളെ ശാസ്‌ത്രീയമായ റീ സൈക്ലിംഗിന്‌ വിധേയമാക്കേണ്ടതുണ്ട്‌. (സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെയാണ്‌ ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ നിര്‍മ്മിക്കന്നത്‌. അതുകൊണ്ട്‌ തന്നെ ഉപയോഗശൂന്യമായ ഭാഗങ്ങളില്‍നിന്നും മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും സങ്കീര്‍ണ്ണമായ പ്രക്രിയ വേണ്ടിവരും. ഇതിനെ റീ സൈക്ലിംഗ്‌ എന്നു വിളിക്കുന്നു.) എന്നാല്‍ റീ സൈക്ലിംഗ്‌ എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്‌, ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്‌. കൃത്യമായി പറഞ്ഞാല്‍ ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്‌ അമേരിക്കയുടെ പ്രതിവര്‍ഷ മാലിന്യത്തിന്റെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നത്‌. ഈ രാജ്യങ്ങളിലെ താരതമ്യേന കുറഞ്ഞ വേതന നിരക്കും, അശക്തമായ നിയമസംവിധാനങ്ങളും, വര്‍ദ്ധിച്ച തൊഴിലില്ലായിമയും ഇതിന്‌ സാഹചര്യമൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. അമേരിക്കയില്‍ ഇ -മാലിന്യസംസ്‌ക്കരണത്തിന്‌ പഴുതുകളില്ലാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെങ്കിലും കയറ്റുമതിക്ക്‌ യാതൊരു വിലക്കുകളുമില്ല. ഇ -മാലിന്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയാണ്‌ അമരിക്കന്‍ ഭരണകൂടം. ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ ചൈന ഇ -മാലിന്യ ഇറക്കുമതി തടഞ്ഞുകൊണ്ട്‌ നിയമനിര്‍മ്മാണം നടത്തിയിട്ടും അത്‌ മാനിക്കാന്‍ അമേരിക്ക കൂട്ടാക്കിയില്ല. നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത്‌ തൊട്ടടുത്ത രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ഇവ എത്തിച്ച്‌ തുടര്‍ന്ന്‌ കണ്ടെയ്‌നറുകള്‍ വഴി ചൈനയിലേക്കെത്തിക്കുന്ന രീതിയില്‍ ഇതിപ്പോഴും തുടരുന്നുണ്ട്‌.അമേരിക്കയില്‍ റീ സൈക്ലിംഗ്‌ നടത്തുന്ന മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്‌ തടവുകാരെ കൊണ്ടാണെന്ന വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക്‌ അമേരിക്കന്‍ ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്‌' വന്‍സ്ഥാപനങ്ങള്‍ ആയുധമാക്കിയത്‌. ഫ്‌ളോറിഡയിലും ന്യൂജഴ്‌സിയിലുമാണ്‌ തടവുകാരെ വ്യാപകമായി ഈ രംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്‌.ചൈനയുടെ തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കറാച്ചി, ഡല്‍ഹി അടക്കമുള്ള പാക്കിസ്ഥാന്‍-ഇന്ത്യന്‍ നഗരങ്ങളിലും കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന്‌ ചെറുയൂണിറ്റുകള്‍ ഉണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. ശരാശരി 75 രൂപ പ്രതിഫലത്തിനാണ്‌ ഇവര്‍ പണിയെടുക്കുന്നത്‌.ഏറെക്കാലം ഈ അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്നവര്‍ക്ക്‌ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളെയാണ്‌ നേരിടേണ്ടിവരിക. ഈ സ്ഥലത്തു നടത്തിയ ഒരു പഠനം വിരല്‍ ചൂണ്ടുന്നത്‌, ഇലക്‌ട്രോണിക്‌ മാലിന്യ(അ) സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ രക്തം സാധാരണക്കാരുടേതുമായി താരതമ്യപ്പെടുത്തിയപ്പോള്‍ 70 ഇരട്ടി രാസപദാര്‍ത്ഥങ്ങള്‍ (ലുെലരശമഹഹ്യ യൃീാശിമലേറ ളഹമാല ൃലമേൃറമിെേ) ഉണ്ടെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്‌. എന്തിന്‌ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ രക്തത്തില്‍ പോലുംവളരെ ചെറിയ അളവില്‍ ഇതിന്റെ സാന്നിധ്യം ഉണ്ട്‌. നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ഇത്‌ ഗുരുതരമായി ബാധിക്കും. കാന്‍സര്‍ സാദ്ധ്യതയും പഠനം തള്ളിക്കളയുന്നില്ല. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ ഇത്‌ കാര്‍ന്നുതിന്നുകയാണ്‌. ചേരിപ്രദേശത്തിന്‌ സമാനമായ സാഹചര്യങ്ങള്‍ ഉള്ള ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ തന്നെ പരിതാപകരമാണ്‌. ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ ദയനീയചിത്രം പൂര്‍ണ്ണമാകും.അവിദഗ്‌ധരും നിരക്ഷരരുമായ തൊഴിലാളികളാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ -മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇലക്‌ട്രോണിക്‌ മാലിന്യസംസ്‌ക്കരണം അവര്‍ക്ക്‌, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന ലളിത പ്രക്രിയയാണ്‌. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത്‌ മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന്‌ പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട്‌ അവരുടെ ജീവിതത്തില്‍. ചില സ്ഥലങ്ങളില്‍ ലോഹഭാഗങ്ങള്‍ വേര്‍തിരിക്കാനായി ആസിഡ്‌ ലായനിയും മറ്റ്‌ രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്‌. ഉപയോഗശേഷം ഇവ കൂടി മണ്ണിലേക്ക്‌ ചരിച്ചു കളയുന്നതോടെ ഈ ഭീഷണി മൊത്തത്തില്‍ ഇ -ഭീഷണിയായി മാറുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ 90 ശതമാനവും ചൈനയിലേക്ക്‌ തന്നെയാണ്‌ എത്തുന്നത്‌. അമേരിക്കയിലെ ഒരു സര്‍വ്വകലാശാല (Graduate School of Industrial Administration, Carnegie Mellon University) 2002 ല്‍ നടത്തിയ പഠന പ്രകാരം 12.75 ദശലക്ഷം കംപ്യൂട്ടര്‍ യൂണിറ്റുകള്‍ സംസ്‌ക്കരണത്തിന്‌ വിധേയമാക്കപ്പെട്ടു. ഇവയില്‍ 10.2 ദശലക്ഷവും എത്തിയത്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്‌. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണം ഉള്ള 674 അടി പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ തുല്യപൊക്കമുള്ള മാലിന്യം. ഇത്‌ കേവലം ഒരു രാജ്യത്തില്‍ നിന്നും ഒരു വര്‍ഷം കൊണ്ട്‌ അടിഞ്ഞു കൂടപ്പെട്ട മാലിന്യമാണെന്ന്‌ കൂടി മനസ്സിലാക്കുക. കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും പിക്‌ചര്‍ ട്യൂബുകളാണ്‌ ഏറിയഭാഗവും. പിക്‌ചര്‍ ട്യൂബിലെ പ്രധാന രാസപദാര്‍ത്ഥം ലെഡ്‌ ആണ്‌. ലെഡിന്റെ അമിതസാന്നിദ്ധ്യം നാഡീവ്യവസ്ഥയേയും രക്തചംക്രമണത്തേയും സാരമായി ബാധിക്കും. കിഡ്‌നി രോഗ സാധ്യതയും ഉണ്ടാകാം. ഇതിനോടകം തന്നെ ചൈനയിലെ ഇ -മാലിന്യ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായി തീര്‍ന്നിരിക്കുന്നു. ജലത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള അളവ്‌ പരിശോധനയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. പലവിധത്തിലുള്ള അസുഖങ്ങളും പിടിപെടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.കംപ്യൂട്ടര്‍ ചിപ്പുകളിലെ കണക്‌ടറുകളിലും മറ്റും വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. കണക്‌ടറുകളെ പൊതിയാനാണ്‌ സാധാരണ ഇത്തരം ലോഹങ്ങള്‍ ഉപയോഗിക്കുന്നത്‌. കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത്‌ ശരിവെയ്‌ക്കുന്ന നിഗമനങ്ങളിലായിരുന്നു എത്തിയിരുന്നത്‌. സ്വര്‍ണ്ണം വേര്‍തിരിക്കാനായി ഇത്തരം ചിപ്പുകള്‍ ഇളക്കിയെടുത്ത്‌ അക്വാറീജിയ- ല്‍ മുക്കിവെയ്‌ക്കും. (ഹൈഡ്രോക്ലോറിക്‌ ആസ്‌ഡിന്റെയും നൈട്രിക്‌ ആസിഡിന്റെയും മിശ്രിതം) ഒരു കംപ്യൂട്ടറില്‍ നിന്നും ഒരു ഗ്രാമില്‍ താഴെ സ്വര്‍ണ്ണം മാത്രമാണ്‌ ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നത്‌. ബാംഗ്ലൂരില്‍ ഇത്തരത്തിലുള്ള അറുപത്തിയഞ്ചിലേറെ സ്ഥാപനങ്ങളുണ്ട്‌. ഓരോ മൂന്ന്‌ മാസം കൂടുമ്പോഴും കുറഞ്ഞത്‌ 20,000 രൂപ വിലയുള്ള പാഴ്‌ കംപ്യൂട്ടര്‍ സാമഗ്രികള്‍ ഇവര്‍ കമ്പനികളില്‍ നിന്നും ശേഖരിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ സ്‌ക്രീന്‍ ടി.വി.യായി രൂപാന്തരപ്പെടുന്ന `ടെക്‌നിക്കുകള്‍' ഇവരുടെ സ്വന്തമാണ്‌. പ്രത്യേകതരം അടുപ്പില്‍ വെച്ച്‌ ചൂടാക്കി ഇലക്‌ട്രോണ്‍ ഗണ്‍ മാറ്റിയാണ്‌ ഇത്‌ സാധിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഏതായാലും ഇത്തരത്തിലുള്ള ടി.വി.യും അവിടെ സുലഭം. ഈ ചൂടാക്കല്‍ പ്രക്രിയ വഴി അന്തരീക്ഷത്തിലും മണ്ണിലും ലയിക്കുന്ന രാസപദാര്‍ത്ഥങ്ങളിലും ഇവര്‍ അറിയാതെ ഭക്ഷിക്കുന്ന രാസപദാര്‍ത്ഥങ്ങളും നിരവധി. ബാംഗ്ലൂര്‍ നഗരഹൃദയത്തിലുള്ള കെ.ആര്‍. മാര്‍ക്കറ്റിലേക്കോ, തിരുവനന്തപുരം ചാലകമ്പോളത്തിലെ കംപ്യൂട്ടര്‍ ആക്രി കേന്ദ്രത്തിലേക്കോ എത്തിയാല്‍ ഇലക്‌ട്രോണിക്‌ മാലിന്യശേഖരത്തിന്റെ വ്യാപ്‌തി ബോധ്യമാകും.ബാംഗ്ലൂരില്‍ 1322 സോഫ്‌ട്‌ വെയര്‍ സ്ഥാപനങ്ങളും 36 ഹാര്‍ഡ്‌വെയര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 75 കമ്പനികള്‍ മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തിരുവന്തപുരത്തെ മാലിന്യതോത്‌ നിലവില്‍ കുറവായിരിക്കും. ഒരു വന്‍വികസനത്തിന്‌ ടെക്‌നോപാര്‍ക്ക്‌ തയ്യാറെടുക്കുന്നുണ്ട്‌. ഇതേ രീതിയിലെ നിക്ഷേപം സ്‌മാര്‍ട്ട്‌ സിറ്റിയിലും പ്രതീക്ഷിക്കാം. അപ്പോള്‍ ഭാവിയലുണ്ടാകുന്ന ഇ - മാലിന്യം ഊഹിക്കാവുന്നതേയുള്ളു.മുന്‍നിര ഐ.ടി. കമ്പനികളിലൊന്നായ വിപ്രോയ്‌ക്ക്‌ കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഇ -മാലിന്യത്തെ സംബന്ധിച്ച നോട്ടീസ്‌ അയച്ചുകഴിഞ്ഞു. 2005 മേയ്‌ 30ന്‌ വിശദീകരണത്തിനായി 15 ദിവസം കൂടി കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്‌. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വിപ്രോയ്‌ക്ക്‌ നോട്ടീസ്‌ കിട്ടിയെങ്കില്‍ മറ്റ്‌ കമ്പനികളുടെ അവസ്ഥ എന്തായിരിക്കും. ബാംഗ്ലൂര്‍ മാത്രം പ്രതിവര്‍ഷം 8000 ടണ്‍ ഇ -മാലിന്യം പുറന്തള്ളുന്നുണ്ട്‌. ഇതോടൊപ്പം 30 ശതമാനത്തോളം ഇലക്‌ട്രിക്‌ ഉപകരണ ഭാഗങ്ങളും തെരുവിലേക്കെത്തുന്നുണ്ട്‌. ഇതിനിടെ ശാസ്‌ത്രീയമായ മാലിന്യസംസ്‌ക്കരണ പദ്ധതികളുമായി ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം തുടങ്ങിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും 10 ടണ്ണിലേറെ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷിയുമുണ്ട്‌. ഇ -മാലിന്യത്തില്‍ കേവലം 10 ശതമാനത്തില്‍താഴെ മാത്രമെ പിന്നീട്‌ ഉപയോഗിക്കാന്‍ പറ്റാത്ത തരത്തിലുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളു എന്നാണ്‌ ഇ -പരിസരയുടെ സ്ഥാപകന്‍ പി. പാര്‍ത്ഥസാരഥി അവകാശപ്പെടുന്നത്‌. ബാക്കിയെല്ലാം വേണ്ട അറ്റകുറ്റ പണികള്‍ നടത്തി ഉപയോഗിക്കുകയോ കമ്പനികള്‍ക്ക്‌ തന്നെ തിരികെ നല്‍കുകയോ ചെയ്യാം.

പിന്‍കുറിപ്പ്‌ അഥവാ അസുഖകരമായ സത്യം രേഖപ്പടുത്തല്‍: ഏഷ്യന്‍ രാജ്യങ്ങളെ കുപ്പതൊട്ടിയാക്കാനുള്ള വികസിതരാജ്യങ്ങളുടെ ശ്രമം അവരുടെ രാജ്യത്തെ പരമാവധി വൃത്തിയാക്കി സൂക്ഷിക്കാനുള്ള വെമ്പലിന്റെ ഭാഗമാണ്‌. ദിവസവും രാവിലെ നടക്കാനിറങ്ങുന്ന മലയാളിയുടെ കയ്യില്‍ ഒരു പോളിത്തീന്‍ കവര്‍ ഉണ്ടാകും. തലേ ദിവസത്തെ ഗാര്‍ഹിക മാലിന്യങ്ങളടങ്ങിയ ഈ കവര്‍ സൗകര്യപൂര്‍വ്വം പാതയോരത്തോ മറ്റ്‌ വീടുകളുടെ മുന്നിലോ വലിച്ചെറിഞ്ഞിട്ട്‌ ഗമയില്‍ നടക്കുകയും ചെയ്യും. ഈ രണ്ട്‌ മാനസികനിലയും തമ്മിലെന്തു വ്യത്യാസം.

No comments: