കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഇലക്ട്രോണിക് സാങ്കേതികവിദ്യയിലുണ്ടായ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം സ്ഥലകാലസീമകളെ മറികടന്നുകൊണ്ട് ഒരു പുതിയ ജീവിതശൈലിക്ക് തന്നെ തുടക്കമിട്ടു. ഇതോടൊപ്പം ഇലക്ട്രോണിക് സാങ്കേതികവിദ്യ കടന്നുചെല്ലാത്ത മേഖലകളില്ല എന്നു പറയാം. ഭരണരംഗത്തും, വിദ്യാഭ്യാസരംഗത്തും, മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് കംപ്യൂട്ടറുകളുടെ ശൃംഖല തന്നെ വന്നു. ഒപ്പം ശൃംഖലകളുടെ ശൃംഖലയായ ഇന്റര്‍നെറ്റും. ഏത് വാക്കിനുമുന്നിലും ധൈര്യമായി `ഇ' എന്ന അക്ഷരം കൂട്ടിചേര്‍ക്കാമെന്ന അറിവ് ഏതൊരു വ്യക്തിക്കും ഇന്നുണ്ട്. ഒരു വിര്‍ച്വല്‍ ഇടത്തിലേക്ക് പതുക്കെ നാം നടന്നു നീങ്ങുകയാണ്. പക്ഷെ ഇതോടൊപ്പം ദൂരവ്യാപകമായ ദൂഷ്യഫലങ്ങള്‍ ഉളവാക്കുന്ന നിരവധി വസ്തുക്കള്‍ കൂടി നാം അറിഞ്ഞോ അറിയാതെയോ ചുറ്റിനും കുമിഞ്ഞുകൂടുന്നുണ്ട്. നാം ഉപയോഗിച്ചിട്ട് മതിയാക്കി ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരുപദ്രവകാരിയാണെന്ന് കരുതിയെങ്കില്‍ തെറ്റി. പരിസ്ഥിതിയുടെ അന്തകനായ നിരവധി വസ്തുക്കളുടെ ഒരു സഞ്ചയമാണിത് എന്നതാണ് യാഥാര്‍ത്ഥ്യം.നമ്മളില്‍ മിക്കവര്‍ക്കും ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വെറും പ്ലാസ്റ്റിക് മാലിന്യം മാത്രം. എന്നാല്‍ സത്യം എന്താണ്? താമസിയാതെ നമ്മുടെ ഉപയോഗരഹിതമായ ഇലക്ട്രോണിക് വസ്തുക്കള്‍ തൊട്ടടുത്തുള്ള ആക്രിവ്യാപാര കേന്ദ്രത്തിലെത്തുമെന്നറിയാം. പിന്നീട് എന്തു സംഭവിക്കും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആഗോളതലത്തില്‍ പല ഏജന്‍സികളും കണ്ടെത്തികൊണ്ടിരിക്കുന്നത്.എന്താണ് ഇ -മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം. ഉപയോഗകാലം കഴിഞ്ഞോ അല്ലാതെയോ ഉപേക്ഷിക്കപ്പെടുന്ന വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളെയും അനുബന്ധ വസ്തുക്കളെയും ഇ -മാലിന്യമെന്ന് പറയാം. ഇങ്ങനെ ഒരു ഉപകരണം ഉപേക്ഷിക്കാന്‍ നിരവധി കാരണങ്ങളുണ്ട്.
(1) സാങ്കേതികപരമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കാം. ക്രമരഹിതമായ പ്രവര്‍ത്തനമോ നന്നാക്കാന്‍ പറ്റാത്ത തരത്തിലുള്ള കേടുപാടുകളോ സംഭവിക്കുമ്പോള്‍ ഉപേക്ഷിക്കുന്നത്. ഇന്ന് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനശൈലിയുള്ള ഉപകരണങ്ങളാണ് വിപണിയലധികവും ലഭ്യമായിട്ടുള്ളത്. ഒരു ഭാഗത്തിന് മാത്രം പറ്റുന്ന പ്രശ്നം ഉപകരണം മൊത്തമായി തന്നെ ഉപേക്ഷിക്കാന്‍ കാരണമാകും.
(2) താരതമ്യേന കുറഞ്ഞ വിലയുള്ള ഉപകരണങ്ങളുടെ ബാഹുല്യം. കേടുപാടുകള്‍ തീര്‍ക്കുന്നതിലും സാമ്പത്തിക ലാഭം ചിലപ്പോള്‍ പുതിയത് വാങ്ങുന്നതായിരിക്കും.
(3) ഏറെ സവിശേഷതകളുള്ള പുതിയ ഉപകരണങ്ങള്‍: പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ടി.വി കളര്‍ ടി.വി.ക്ക് വഴി മാറിക്കൊടുത്തതും, പഴയ ഭാരവും വലിപ്പവുമേറിയ മൊബൈല്‍ഫോണ്‍ ഇന്ന് അപൂര്‍വ്വ വസ്തുവായതും ദൃഷ്ടാന്തം.
(4) ഊര്‍ജ്ജ ഉപഭോഗത്തിലെ കുറവ്: വൈദ്യുതി ഇന്ന് വിലപിടിച്ച വസ്തുവാണ്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ വൈദ്യുതി ചിലവുള്ള ഉപകരണങ്ങളോടാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം. കറണ്ടുതീനികളായ പഴയ ഫ്രിഡ്ജ് ഇപ്പോള്‍ ചിത്രത്തിലില്ലല്ലോ?
(5) കാഴ്ചയിലെ വ്യത്യാസം: ഒരു തരം ഉപഭോക്തൃഭ്രമത്തില്‍ അകപ്പെട്ട് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്ന ശീലം. മൊബൈല്‍ ഫോണ്‍തന്നെ ഇക്കൂട്ടത്തിലെ മുമ്പന്‍.
(6) കമ്പനികള്‍ തമ്മിലുള്ള രൂക്ഷമായ മല്‍സരവും ഉപഭോക്താവിനെ ഒരു എക്സ്ചേഞ്ചിനെങ്കിലും പ്രേരിപ്പിക്കാതിരിക്കില്ല.
ഇതിനൊക്കെ പുറമെ വൈകാരികമായ കാരണങ്ങളും, ലൈഫ് സ്റ്റൈലും വൈദ്യുത വോള്‍ട്ടേജിലെ ക്രമരാഹിത്യവും ഇലക്ട്രോണിക് ഉപകരണത്തിന്റെ അകാലമരണത്തിന് കാരണമാകാം.
ഇവിടെ പ്രസക്തമായ ചോദ്യം ഇങ്ങനെ മാറ്റപ്പെടുന്ന ഉപകരണങ്ങള്‍ എവിടേക്ക് പോകുന്നു എന്നതാണ്. കുറെഎണ്ണം സെക്കന്റ്ഹാന്റ് വിപണിയിലെത്തും. അതും കുറെകഴിയുമ്പോള്‍ ഉപേക്ഷിക്കും. ഇങ്ങനെ കുമിഞ്ഞുകൂടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒരു കമ്പ്യുട്ടറില്‍ അല്ലെങ്കില്‍ ഒരു ടെലിവിഷനില്‍ 100 ലേറെ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. മണ്ണില്‍ ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ കത്തിച്ചുകളയുമ്പോള്‍ മണ്ണിലേക്കെത്തുന്നത് വിഷമയമായ ഒരു കൂട്ടം വസ്തുക്കളാണ്. ഇത് പരിസ്ഥിതി സംതുലനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായാണ് സ്വാധീനിക്കുന്നത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇ -മാലിന്യത്തെക്കുറിച്ച് ഒരു കരട് രേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പ്രാഥമിക നിഗമനത്തില്‍ തന്നെ 1.46 ലക്ഷം ടണ്‍ ഇ -മാലിന്യം പുറത്തുതള്ളുന്നുവെന്ന് കണ്ടത്തിയിട്ടുണ്ട്. വിവര സാങ്കേതികവിദ്യാസ്ഥാപനങ്ങള്‍ ഏറെ പടര്‍ന്നു പന്തലിച്ച തെക്കേഇന്ത്യയാണ് ഏറെ ദുരിതമനുഭവിക്കേണ്ടി വരിക. ഇതു കൂടാതെ വികസിതരാജ്യങ്ങളില്‍ നിന്നും ഉപയോഗിച്ച കംപ്യൂട്ടര്‍ എന്ന പേരില്‍ ഇവിടെയെത്തുന്ന മാലിന്യം കൂടിയാകുമ്പോള്‍ ഇത് ഗുരുതരമായ സമസ്യയാകുന്നു. അഹമ്മദാബാദിലെ തുറമുഖം വഴി മാത്രം 30 ടണ്‍ ഇ -മാലിന്യം ഇന്ത്യയിലേക്ക് എത്തുന്നുവെന്ന് `ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തിട്ട് ഏറെ നാളുകളായിട്ടില്ല.ഇ -മാലിന്യത്തില്‍ വില്ലന്‍ കംപ്യൂട്ടര്‍/ടിവി മോണിറ്ററുകളാണ്. പിന്നെ ബാറ്ററികളാണ് പ്രശ്നമുണ്ടാക്കുന്നത്. ഇവ രണ്ടിലും പ്രധാന ഘടകം `ലെഡ്' ആണ്. ഒരു മോണിറ്ററില്‍ ഏകദേശം രണ്ട് കിലോഗ്രാം `ലെഡ്` അടങ്ങിയിരിക്കുന്നു. കാഡ്മിയം, മെര്‍ക്കുറി, ക്രോമിയം തുടങ്ങിയ മൂലകങ്ങളും വിവിധ ഭാഗങ്ങളിലായി അടങ്ങിയിട്ടുണ്ട്. ഇവ മണ്ണില്‍ ആഴ്ന്നിറങ്ങി ഭൂഗര്‍ഭജലത്തെപ്പോലും മലിനീകരിക്കും. ജീവജാലങ്ങളുടെ മൊത്തത്തിലുള്ള നിലനില്‍പ്പിന് തന്നെ അപായ സൂചനകളുയര്‍ത്തുന്നുണ്ട്.ഇലക്ട്രോണിക് വിപണി മുന്നോട്ട് വെയ്ക്കുന്ന ആശയം തന്നെ ``ഉപയോഗിക്കൂ:വലിച്ചെറിയൂ'' എന്നതാണ്. ഗാര്‍ഹികമായ ഇ -മാലിന്യത്തിന്റെ ആധിക്യത്തെക്കാളേറെ ഗവണ്മെന്റിനെ അലട്ടുന്നത് വ്യവസായികരംഗത്തെ പ്രശ്നങ്ങളാണ്. നമ്മുടെ സമ്പദ്വ്യവസ്ഥിതിയുടെ നട്ടെല്ലായി നില്ക്കുന്ന വിവര സാങ്കേതിക വിദ്യ 2005 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 75,000 കോടിയോളം രൂപയുടെ സോഫ്ട്വെയര് കയറ്റുമതിയാണ് നടത്തിയത്. ഐ.ടി. വളര്‍ച്ച ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. അതോടൊപ്പം തന്നെ ഇതിനേക്കാളും കൂടിയ വളര്‍ച്ചാനിരക്കാണ് ഇ -മാലിന്യത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. നഗര മാലിന്യങ്ങളിലെ ഖരമാലിന്യത്തിന്റെ 10 ശതമാനത്തോളം ഇന്ന് ഇലക്ട്രോണിക് വസ്തുക്കളാണ്. നഗരസഭകളിലെ ശുചീകരണ തൊഴിലാളികള്‍ ഇലക്ട്രോണിക് വസ്തുക്കളെ പ്ലാസ്റ്റിക് ആയി കരുതി കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് പതിന്മടങ്ങാണെന്ന് അവര്‍ അറിയുന്നുണ്ടാകില്ല.ഉപയോഗിച്ച ഇലക്ട്രോണിക് വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നത് ഒരു വ്യവസായമായി നമ്മുടെ നാട്ടില്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല. വികസിത രാജ്യങ്ങളില്‍ ഇ -മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ നിയമം അനുശാസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മാലിന്യസംസ്കരണം ഒരു വ്യവസായ സാധ്യത കൂടിയാണ്. സ്വിറ്റ്സര്‍ലണ്ട്, യു.എസ്.എ, കാനഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ``അപകടകരമായ വസ്തു''ക്കളായി കണക്കാക്കി ഇത്തരം മാലിന്യങ്ങളെ സംസ്ക്കരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് മാതൃകയാക്കാവുന്ന മറ്റൊരു നിര്‍ദ്ദേശവും മുന്നോട്ട് വെയ്ക്കുന്നു. ഇലക്ട്രോണിക് ഉപകരണം നല്കിയ സ്ഥാപനം തന്നെ ഉപയോഗകാലദൈര്‍ഘ്യത്തിനുശേഷം അവ തിരിച്ചെടുക്കാമെന്ന ഉറപ്പ് ഉപഭോക്താവിന് നല്‍കണം.നമ്മുടെ നാട്ടില്‍ നിരോധനം പലപ്പോഴും കടലാസ്സില്‍ മാത്രമൊതുങ്ങുകയാണ് പതിവ്. 20 മൈക്രോണുകളില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നാം എത്ര പ്രാവശ്യം നിരോധിച്ച് കഴിഞ്ഞു. എന്നിട്ടും പ്ലാസ്റ്റിക് ബാഗുകള്‍ വിപണിയില്‍ സുലഭം. ഇന്ന് നഗരപ്രദേശത്തെ അഴുക്കുചാലുകളില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ വരുത്തുന്ന തടസ്സം ചെറുതല്ല. എന്നാല്‍ അതിലും എത്രയോ വലിയ ഭീഷണി ഭാവിയില്‍ ഉയര്‍ത്താന്‍ ഇ -മാലിന്യങ്ങള്‍ക്കാകും. ഇ -മാലിന്യ വിഷയത്തില്‍ നാം ഇപ്പോള്‍ ശൈശവദശയിലാണെന്ന് പറയാം. അതുകൊണ്ട് പഴുതുകളില്ലാതെ ഒരു നിയന്ത്രണസംവിധാനവും സംസ്ക്കരണരീതിയും വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി വഴിയും ടെക്നോ പാര്‍ക്ക് രണ്ടാംഘട്ട വികസനം വഴിയും വന്‍ ഐ.ടി നിക്ഷേപം ലക്ഷ്യമിടുന്ന കേരളം സമഗ്രമായ ഒരു ഇലക്ട്രോണിക് മാലിന്യനയം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്ട് സിറ്റി വ്യവസ്ഥയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാല്‍ കൊച്ചിയുടെ പ്രാന്തപ്രദേശങ്ങള്‍ ഇ - ചവറ്റുകുട്ടയാകില്ലെന്ന് സമാധാനിക്കാം. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത് ഗൗരവമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഏതായാലും ഇക്കാര്യത്തില്‍ വ്യകതമായ ഒരു പദ്ധതിയുണ്ടാക്കിയാല്‍ കൊച്ചുകേരളം, ഹരിത കേരളമായി തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നതില്‍ സംശയമില്ല.
4 comments:
പുതുമയാര്‍ന്നതും അല്പം സാങ്കേതികതയും ഉള്ള വിഷയം.
എന്നാല്‍ ആദര്‍ശ് അതു വളരെ ഭംഗിയായി കൈകാര്യം ചെയ്തിരിക്കുന്ന്നു.
മലിനീകരണത്തെ പറ്റിയുള്ള ഒരു ചര്‍ച്ചക്കിടെ ഒരിക്കല്‍ ഈ വിഷയത്തേപറ്റി ഞാന്‍ പരാമര്‍ശിച്ചപ്പോള്‍ പലര്‍ക്കും അതൊരു പുതിയ കാര്യമായിരുന്നു.
നമ്മുടെ പല ധാരണകളും പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയെ ആദര്‍ശ് തന്റെ ലേഖനത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
വകതിരിവില്ലാത്ത വികസനത്തിന്റെ വിപത്തുകള്‍ നമ്മെ വിഴുങ്ങുന്ന ദിനം അതി വിദൂരമൊന്നുമല്ല...
വിവരസാങ്കേതിക വിപ്ലവത്തിന്റെ മാസ്മരികതയില്‍ നമ്മള് ഈ വിപത്തുകളെ അവഗണിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാതിരിക്കുകയും ചെയ്താല്‍ അതു വരുംതലമുറയോടു ചെയ്യുന്ന വലിയ പാതകമായിരിക്കും.
വളരെ ആനുകാലിക പ്രസക്തിയുള്ള ലേഖനം. ഇതില്‍ വളരെ ആഴത്തില്‍ത്തന്നെ ആദര്‍ശ് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് തോന്നുന്നു.ഈ വസ്തുതകളെ പിന്താങ്ങുന്ന സ്റ്റാറ്റിസ്റ്റിക്കുകളും സാങ്കേതിക വിശദീകരണങ്ങളും അതാണ് സൂചിപ്പിക്കുന്നത്. Outsourcing-ന്റെ പേരില്‍ ദിനംപ്രതി ടണ്‍ കണക്കിനു കമ്പ്യൂറ്ററുകളും സര്‍വറുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇ-മാലിന്യം മൂലമുണ്ടാകുന്ന
ഇ-വിപത്തുകളെപ്പറ്റിയുള്ള അജ്ഞതയാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നു തോന്നുന്നു.പുതിയ പുതിയ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വാങ്ങിക്കുകയും അതിന്റെ ഇരട്ടി വേഗതയില്‍ അത് ഉപേക്ഷിച്ച് പുതിയതിലേക്ക് upgrade ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഉപയോഗശൂന്യമായ ഉപകരണങ്ങളെ ഉപഭോഗ്ത്താവ് എങ്ങനെ dispose ചെയ്യണമെന്ന് ബോദ്ധവല്ക്കരിക്കുക അത്യന്താപേക്ഷിതമാണ്.അതിന് അദര്‍ശിന്റെ ഈ ബ്ലോഗും പ്രസദ്ധീകരണങ്ങളും അതിലെ ബദല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപയോഗപ്രദമാകുമെന്ന് നമുക്ക് ആശിക്കാം. all the best.
je pee , thanks for the comment.
sanju, u r right. ur 'statistik' prayogam is innovative one. thanks
ആര്‍ക്കും ഒന്നിനും നേരമില്ല. പ്രതികരണ ശേഷിയുമില്ല. 18 ന്റെ ഊര്ജസ്വലതക്ക് പകരം 81 ന്റെ ആലസ്യം മാത്രം
thank you for your attempt. God bless you
shaisma.blogspot.com
Post a Comment