Sunday 27 May 2007

ഇ-മാലിന്യത്തിന്റെ രസതന്ത്രം


Statutory Warning:
ഈ ഉപകരണത്തില്‍ ആരോഗ്യത്തിന്‌ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. പ്രവര്‍ത്തനക്ഷമമല്ലാതെ വന്നാല്‍ അലക്ഷ്യമായി വലിച്ചെറിയരുത്‌. ദയവായി xxxxxx നമ്പറില്‍ വിളിക്കുക.




ഇത്തരത്തില്‍, സിഗററ്റ്‌ കവറുകളിലേതിന്‌ സമാനമായ ഒരറിയിപ്പ്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലം സമീപഭാവിയില്‍ തന്നെയുണ്ടാകും.ഉപയോഗശൂന്യമായ ഇലക്‌ട്രോണിക്‌ വസ്‌തുക്കള്‍ സൃഷ്‌ടിക്കുന്ന ഭീഷണിയില്‍ ഇന്ന്‌ മനുഷ്യസമൂഹം ഉത്‌കണ്‌ഠാകുലരാണ്‌. പലതരം ഇലക്‌ട്രോണിക്‌ ഉപകരണങ്ങളിലായി ആയിരക്കണക്കിന്‌ വിഷപദാര്‍ത്ഥങ്ങളാണ്‌ ദിനംപ്രതി മണ്ണിലേക്കെത്തുന്നത്‌. കംപ്യൂട്ടറുകളുടെ കണക്ക്‌ മാത്രമെടുത്താല്‍ തന്നെ ദശലക്ഷക്കണക്കിന്‌ എണ്ണമാണ്‌ ചവറ്റുകൊട്ടയിലേക്കെത്തുന്നത്‌. ലെഡ്‌, കാഡ്‌മിയം, ക്രോമിയം, ബേരിയം, ലിഥിയം,സിലിക്കോണ്‍, നിക്കല്‍, ആഴ്‌സെനിക്‌...... പട്ടിക നീളമുള്ളത്‌ തന്നെ. ഇത്‌ കൂടാതെ നാശമില്ലാത്ത ഭീകരനെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്‌, പി.വി.സി. എന്നിവയും ടണ്‍ കണക്കിനാണ്‌ ദിനംപ്രതി ഭൂമിയിലേക്ക്‌ ഇതോടൊപ്പം പുറന്തള്ളുന്നത്‌.ലോകത്താകമാനം 140 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ ആണ്‌ വര്‍ഷംതോറും ഉപയോഗിക്കുന്നത്‌.ഇന്ത്യയിലെ ഉപയോഗം 3.6 ദശലക്ഷം ടണ്ണാണെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ഈ നില തുടര്‍ന്നാല്‍ 2007 ല്‍ ഇന്ത്യയുടെ പ്ലാസ്റ്റിക്‌ ഉപയോഗം എട്ട്‌ ദശലക്ഷം ടണ്‍/വര്‍ഷം എന്ന നിലയിലെത്തും. ഇത്‌ എല്ലാ മേഖലയിലേയും പ്ലാസ്റ്റിക്‌ ഉപയോഗത്തിന്റെ കണക്കാണ്‌. ഇലക്‌ട്രോണിക്‌ മാലിന്യത്തിലും നല്ലൊരു പങ്ക്‌ പ്ലാസ്റ്റിക്‌ ഘടകങ്ങളാണ്‌. ഒരു കമ്പ്യൂട്ടറില്‍ ഏകദേശം 7 കി.ഗ്രാം പ്ലാസ്റ്റിക്‌ അടങ്ങിയിട്ടുണ്ട്‌. പ്ലാസ്റ്റിക്‌ ഒരു ഘടകമായി ഇല്ലാത്ത ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഇല്ല. പ്ലാസ്റ്റിക്‌ മണ്ണിനെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ്‌. നൂറ്റാണ്ടുകളോളം ഇത്‌ വിഘടിക്കാതെ കിടക്കും.കത്തിച്ചു കളയാമെന്ന്‌ കരുതിയാല്‍ അതിലേറെ അപകടം വിളിച്ചു വരുത്തുകയായിരിരക്കും ഫലം.പ്ലാസ്റ്റിക്‌ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയില്‍ അടങ്ങിയിട്ടുള്ള ഡയോക്‌സിന്‍ കാന്‍സറിന്‌ കാരണമാകും. ശ്വാസകോശം, ആമാശയം, ത്വക്‌ രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്‌. അതുകൊണ്ട്‌ പ്ലാസ്റ്റിക്‌ കത്തിക്കുക വിപരീത ഫലം ഉണ്ടാക്കുന്ന പ്രവര്‍ത്തനമാണ്‌.ഇലക്‌ട്രോണിക്‌ ഉപകരണങ്ങളുടേയും ഭാഗങ്ങളുടേയും നിര്‍മ്മാണവേളയില്‍ തന്നെ മലിനീകരണതോത്‌ വളരെ കൂടുതലാണ്‌. ആറ്‌ ഇഞ്ച്‌ മാത്രം വലിപ്പം വരുന്ന ഒരു ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ ചിപ്പ്‌ (ഐ.സി.ചിപ്പ്‌) നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളുലായി 22 ഘന അടി വിവിധ തരത്തിലുള്ള വാതകങ്ങളും 10 കി.ഗ്രാം രാസവസ്‌തുക്കളും ഉപയോഗിക്കുന്നു. ഇതോടൊപ്പം നിര്‍മ്മാണവേളയില്‍ തന്നെ രാസപദാര്‍ത്ഥങ്ങളടങ്ങിയ ഗ്യാലന്‍ കണക്കിന്‌ വെള്ളവും വിഷം വമിക്കുന്ന പുകയും പുറന്തള്ളുന്നു. ചിപ്പ്‌ നിര്‍മ്മാണം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകൃതമായ രീതിയില്‍ നിര്‍മ്മിക്കുന്നതിനാല്‍ മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ പ്രയാസമുണ്ടാവുകയില്ല എന്നത്‌ ശരിയാണ്‌. പക്ഷെ പ്ലാച്ചിമട കൊക്കകോള പ്ലാന്റില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ കാര്യത്തില്‍ (കുടിവെള്ളത്തിന്റെ കാര്യം വേറെ!) നമ്മുടെ സര്‍ക്കാരുകള്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിഞ്ഞു എന്ന്‌ പരിശോധിക്കുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളുടെ അപകടാവസ്ഥ മനസ്സിലാക്കാന്‍ വിഷമമില്ല. ഇത്തരം കമ്പനികള്‍ അമേരിക്കയില്‍ കര്‍ശന ഗുണനിലവാരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതേ ഉല്‌പന്നത്തിന്‌ അതേ ഉല്‌പാദനരീതിക്ക്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ മറ്റൊരു നിലപാടാണ്‌ സ്വീകരിക്കുന്നത്‌.ഇ - മാലിന്യത്തിലെ രാസവസ്‌തുക്കളില്‍ മുഖ്യസ്ഥാനം `ലെഡിനാണ്‌' ബാറ്ററിയിലും പിക്‌ചര്‍ ട്യൂബിലും ഇത്‌ കനത്ത തോതില്‍ അടങ്ങിയിരിക്കുന്നു. പിക്‌ചര്‍ ട്യൂബില്‍ 2 കി.ഗ്രാം `ലെഡ്‌'അടങ്ങിയിരിക്കുന്നു. സര്‍ക്യൂട്ട്‌ ബോര്‍ഡുകളിലെ സോള്‍ഡറിംഗിലും ഇതിന്റെ സാന്നിദ്ധ്യം ഉണ്ട്‌. നാഡിവ്യൂഹത്തിനും രക്തചംക്രമണത്തിനും കിഡ്‌നിക്കും സാരമായ തകരാറുകള്‍ സൃഷ്‌ടിക്കാന്‍ ഈ മൂലകത്തിനാകുമെന്നത്‌ ശാസ്‌ത്ര സമൂഹത്തെയെന്നപോലെ സാധാരണക്കാരെയും ആശങ്കാകുലരാക്കുന്നു. കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത്‌ പ്രതികൂലമായി ബാധിക്കും. 1997 നും 2004 നും മധ്യേ കംപ്യൂട്ടര്‍ മാലിന്യങ്ങളില്‍ നിന്നു മാത്രം 600 ദശലക്ഷം കി.ഗ്രാം `ലെഡ്‌' ഭൂമുഖത്ത്‌ അടിഞ്ഞുകൂടപ്പെട്ടിട്ടുണ്ട്‌. പലപ്പോഴും നഗരവല്‍ക്കരണത്തിന്റെ ഭാഗമായി വന്‍കുഴികള്‍ നികത്താനുള്ള മണ്ണിനൊപ്പം ഇത്തരം ഇ -മാലിന്യങ്ങള്‍ കൂടി ഉപയോഗിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. എന്ത്‌ അപകടാവസ്ഥയ്‌ക്ക്‌ മുകളിലാണ്‌ നാം നഗരങ്ങള്‍ പടുത്തുയര്‍ത്തുന്നത്‌. `ലെഡിന്റെ' അംശം മണ്ണിലൂടെ ആഴ്‌ന്നിറങ്ങി ഭൂഗര്‍ഭജലാശയത്തില്‍ ലയിച്ചുണ്ടാകുന്ന ഭവിഷ്യത്ത്‌ അപായസൂചനയാണ്‌ നല്‌കുന്നത്‌. പിക്‌ചര്‍ട്യൂബിനെ ശാസ്‌ത്രീയമായി സംസ്‌ക്കരിച്ചെടുക്കുക മാത്രമാണ്‌ ഏകപ്രതിവിധി എല്‍.സി.ഡി. (തീരെ കനം കുറഞ്ഞ ഇത്തരം മോണിറ്ററുകള്‍ ഷോറൂമുകളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു. പിക്‌ചര്‍ ട്യൂബുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ മാലിന്യ പ്രശ്‌നങ്ങള്‍ മാത്രമാണ്‌ ഇതുയര്‍ത്തുന്നത്‌.) മോണിറ്ററുകളിലേക്ക്‌ ഘട്ടം ഘട്ടമായി മാറുക എന്നതും പ്രായോഗികമായ ബദല്‍ മാര്‍ഗ്ഗമാണ്‌.ഇ -മാലിന്യത്തിലടങ്ങിയിരിക്കുന്ന മറ്റൊരു മൂലകം കാഡ്‌മിയം ആണ്‌. ഇന്‍ഫ്രാറെഡ്‌ നിയന്ത്രിത ഭാഗങ്ങളിലും ഐ.സി.ചിപ്പിനോട്‌ സാദൃശ്യമുള്ള എസ്‌.എം.ഡി. റെസിസ്റ്ററുകളിലും കാഡ്‌മിയം അടങ്ങിയിട്ടുണ്ട്‌. അര്‍ധായുസ്സ്‌ വളരെ കൂടുതലായ ഈ മൂലകം മുപ്പത്‌ വര്‍ഷത്തോളം ഭൂമിയില്‍ നിലനില്‍ക്കും. കിഡ്‌നിയെയാണ്‌ ഇത്‌ പ്രതികൂലമായി ബാധിക്കുക.ലോകത്തിലാകമാനമുള്ള മെര്‍ക്കുറി ഉല്‌പാദനത്തിന്റെ 22 ശതമാനവും ഇലക്‌ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങളിലാണ്‌ ഉപയോഗിക്കുന്നത്‌. ലാബുകളിലും മെഡിക്കല്‍, മൊബൈല്‍ ഉപകരണങ്ങളിലും മെര്‍ക്കുറി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നു. ഫ്‌ളാറ്റ്‌ പാനല്‍ ഡിസ്‌പ്ലെയില്‍ ഉപയോഗിക്കുന്നതിനാല്‍ സമീപഭാവിയില്‍ മെര്‍ക്കുറിയുടെ അംശം ഭൂമിയില്‍ വര്‍ദ്ധിക്കാനാണ്‌ സാധ്യത.തലച്ചോറിനെയും കിഡ്‌നിയെയും മെര്‍ക്കുറിയുടെ അതിപ്രസരം പ്രതികൂലമായി ബാധിക്കും. ക്രോമിയം, തുരുമ്പിനെ പ്രതിരോധിക്കുന്നതിനായി ഇലക്‌ട്രോപ്ലേറ്റില്‍ ഉപയോഗിക്കുന്ന മൂലകമാണ്‌. ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ക്കുപരിയായി മറ്റ്‌ യന്ത്രഭാഗങ്ങളിലും പ്ലേറ്റിംഗ്‌ ഇന്ന്‌ സര്‍വ്വസാധാരണമാണ്‌. ക്രോമിയത്തിന്റെ ചെറിയ അംശം പോലും അലര്‍ജി, ആസ്‌മ എന്നിവയ്‌ക്ക്‌ കാരണമാകും. കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ കത്തിച്ച അവശിഷ്‌ടങ്ങളില്‍ നിന്നാണ്‌ ഇത്‌ പെട്ടെന്ന്‌ ഭൂമിയിലേക്കെത്തുന്നത്‌.തീപിടുത്തത്തെ തടയാനായി വയറുകളിലും സര്‍ക്യൂട്ടുകളിലും ഉപയോഗിക്കുന്നരാസപദാര്‍ത്ഥങ്ങളും വികിരണങ്ങളെ തടയാനുപയോഗിക്കുന്ന മറ്റ്‌ മൂലകങ്ങളും തീരെ ചെറിയ അളവിലാണെങ്കില്‍ പോലും ഉണ്ടാക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ വളരെ വലുതാണ്‌.ഇപ്പോള്‍ നാം ഉപയോഗിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ - മാലിന്യമായി മാറുെമന്നത്‌ തീര്‍ച്ചയാണ്‌. ഇത്തരം പദാര്‍ത്ഥങ്ങളുമായി ദിനംപ്രതിയുള്ള ഇടപെടല്‍ നേരിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയല്ലെങ്കിലും നാളെ മാലിന്യമാകുമ്പോള്‍ ഇത്‌ `ബൂമറാങ്‌''പ്രതിഭാസമായി നമ്മുടെ മുന്നിലേയ്‌ക്ക്‌ തന്നെയെത്തും.. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധവല്‍ക്കരണത്തേക്കാള്‍ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകളാണ്‌ ആവശ്യം.

No comments: