Sunday, 27 May 2007

ബദല്‍ സാധ്യതകള്‍

‍പ്രചരിപ്പിക്കപ്പെട്ടതുപോലെ വിവരസാങ്കേതികവിദ്യ മലിനീകരണ വിമുക്തമായ വ്യവസായമല്ല. പുകകുഴലില്ലാത്ത, തൊട്ടടുത്ത ജലാശയത്തെ തവിട്ടു നിറമുള്ള ദ്രാവകത്താല്‍ മലിനമാക്കാത്ത വ്യവസായങ്ങളെയെല്ലാം പരിസ്ഥിതി സൗഹൃദങ്ങളാണെന്ന്‌ നാം മനസ്സിലെവിടെയോ ഉറപ്പിച്ചു വെച്ചിരുന്നു. കംപ്യൂട്ടര്‍ രംഗപ്രവേശം ചെയ്‌ത ആദ്യനാളുകളില്‍ ചെറുത്തുനിന്നവര്‍ പോലും മലിനീകരണ വിമുക്തമാണ്‌ ഈ നവസാങ്കേതികവിദ്യ എന്ന ആശയത്തെ വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ നമ്മുടെ വീടുകളിലും ഓഫീസിലും ഉപയോഗത്തെക്കാളേറെ ആഡംബരമായി മാറിക്കഴിഞ്ഞ ഉപകരണങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇ -മാലിന്യമാകുമെന്നതില്‍ സംശയമില്ല. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കാന്‍ സാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന ഇത്തരം പാഴ്‌വസ്‌തുക്കള്‍ക്ക്‌ ബദല്‍ സാധ്യതകള്‍ ആരായുകയാണ്‌ ഈ ലേഖനത്തില്‍.സമൂഹത്തിന്റെ സര്‍വ്വ മണ്‌ഡലങ്ങളിലും വ്യാപിച്ച്‌ കഴിഞ്ഞ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നത്‌ ഒരു തുഗ്ലക്ക്‌ പരിഷ്‌ക്കാരമായി ഭവിക്കും. ഉപയോഗിക്കാതിരിക്കുക എന്നതില്‍ നിന്നും ഉപരിയായി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം എന്നതാണ്‌ മുഖ്യം. തീര്‍ച്ചയായും മുന്‍ സാങ്കേതിക വിദ്യയെ അപേക്ഷിച്ച്‌ വിവര സാങ്കേതികവിദ്യ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ അത്യന്തം ലഘൂകരിക്കുകയും പ്രവര്‍ത്തനവേഗത അവിശ്വസനീയമാം വിധം മാറ്റുകയും ചെയ്‌തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ വരവോടെ സ്ഥലകാല സീമകള്‍ അലിഞ്ഞില്ലാതെയായി. ആവിയന്ത്രത്തിന്റെ കണ്ടുപിടുത്തം മാനവരാശിയെ എങ്ങനെ സ്വാധീനിച്ചുവോ അതിലും എത്രയോ ഇരട്ടി സ്വാധീനം നെറ്റ്‌വര്‍ക്ക്‌ കംപ്യൂട്ടറുകളും ഇന്റര്‍നെറ്റും സൃഷ്‌ടിച്ചു കഴിഞ്ഞു. ഇതോടൊപ്പം സൃഷ്‌ടിക്കപ്പെടുന്ന ഇ -മാലിന്യത്തെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്‌. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന്‌ പറയാം. ഇ -മാലിന്യത്തിന്റെ സംസ്‌കരണം അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്‌. ഭാരിച്ച മുതല്‍ മുടക്കും ആവശ്യമായി വരും. ഇത്‌ പരിഹരിക്കാന്‍ നമുക്കെന്തു ചെയ്യാനാകും.വിപണിയില്‍ നിന്നും വാങ്ങുന്ന ഇലക്‌ട്രോണിക്‌ ഉപകരണങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെ ഉപയോഗശേഷം തിരിച്ചെടുക്കുന്ന രീതി നടപ്പാക്കുക. യൂറോപ്യന്‍ യൂണിയന്‍ സമാനമായ നിയമം നടപ്പാക്കി കഴിഞ്ഞു. ആദ്യം ഒരു തുക ഉല്‍പന്ന വിലയോടൊപ്പം ഉപഭോക്താവില്‍ നിന്ന്‌ ഈടാക്കുക തിരികെ ഏല്‍പ്പിക്കുമ്പോള്‍ ഈ തുക മടക്കി നല്‍കിയാല്‍ മതിയാകും. വലിച്ചെറിയാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ പണത്തെ ഓര്‍ത്തെങ്കിലും തിരികെ എത്തിക്കുമല്ലോ. ഇത്തരം കമ്പനികള്‍ക്ക്‌ മാലിന്യമായ ഉപകരണങ്ങളെ ശാസ്‌ത്രീയമായി സംസ്‌കരിക്കാന്‍ സാധിക്കും.രൂപകല്‌പനയില്‍ സമൂലമായ മാറ്റം വരുത്തുക മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള നിര്‍മ്മാണ പ്രക്രിയയും ഉല്‍പ്പന്നവും വികസിപ്പിച്ചെടുക്കാന്‍ കമ്പനികള്‍/നിര്‍മ്മാതാക്കള്‍ തയ്യാറാകണം. ഘട്ടംഘട്ടമായെങ്കിലും ലെഡ്‌, കാഡ്‌മിയം, മെര്‍ക്കുറി, എന്നിവ ഒവിവാക്കികൊണ്ടുള്ള നിര്‍മ്മാണത്തിലേക്ക്‌ ശ്രദ്ധ പതിപ്പിക്കുക. സോണി കോര്‍പ്പറേഷന്‍ ലെഡ്‌ രഹിതമാകുമ്പോള്‍ ഡറിംഗ്‌ പ്രക്രിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഐ.ബി.എം. കമ്പനി, 100% റീ സൈക്കിള്‍ ചെയ്യാവുന്ന റെസിന്‍ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഫിലിപ്‌സിന്റെ ബാറ്ററി ഉപയോഗിക്കേണ്ടാത്ത റേഡിയോ ....ഇവയൊക്കെ ഉത്തമ മാതൃകകളാണ്‌.ശാസ്‌ത്രീയമായി ഇ -മാലിന്യം സംസ്‌ക്കരിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക. ബാംഗ്ലൂരില്‍ ഇ -പരിസര എന്ന സ്ഥാപനം ആരംഭിച്ചിട്ടുണ്ട്‌. വര്‍ഷാന്ത്യമുള്ള എനര്‍ജി ഓഡിറ്റിംഗില്‍ ഇ -മാലിന്യസംസ്‌ക്കരണവും ഉള്‍പ്പെടുത്തുക. അശാസ്‌ത്രീയമായ ഇ -മാലിന്യ സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെ നിരോധിക്കുക. പക്ഷെ പുകവലി നിരോധിച്ചതുപോലെയാകരുത്‌. അപകടകരമായ ഇത്തരം മാലിന്യങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തുക. ഉപകരണങ്ങളുടെ പുറത്ത്‌ ഒരു ലേബലിംഗ്‌ സമ്പ്രദായം നടപ്പാക്കുക. എത്രമാത്രം അപകടകരമായ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു ഉപയോഗത്തിന്‌ ശേഷം ആരെ ഏല്‌പിക്കണം തുടങ്ങിയ വിവരങ്ങള്‍ ഈ ലേബല്‍ ഉപകരണത്തിന്റെ മുന്‍ഭാഗത്ത്‌ കാണാനാവുന്ന വിധത്തില്‍ തന്നെ പതിയ്‌ക്കണംനിങ്ങളുടെ ആവശ്യത്തിലും കുറഞ്ഞ പ്രവര്‍ത്തനശേഷിയുള്ള കംപ്യൂട്ടര്‍ സ്‌ക്കൂളുകള്‍ക്ക്‌ സംഭാവനയായി നല്‌കുക. കംപ്യൂട്ടര്‍ ഇല്ലാത്ത സ്‌കൂളുകള്‍ക്ക്‌ ഇതൊരനുഗ്രഹമാകും.പുതിയ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറെക്കാലം പ്രവര്‍ത്തിക്കുന്നവ തിരഞ്ഞെടുക്കുക. ഒരേതരം ഉപകരണം വിവിധ നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഇവയുടെ ലൈഫ്‌ ടൈം താരതമ്യപ്പെടുത്തുക. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കൂട്ടിചേര്‍ക്കലുകള്‍ക്ക്‌ ഉപകരണം സപ്പോര്‍ട്ട്‌ ചെയ്യുമോ എന്ന്‌ ചോദിച്ചറിയുക. ഉദാ: കംപ്യൂട്ടറില്‍ ഭാവിയില്‍ കൂടുതല്‍ മെമ്മറി (RAM) കൂട്ടിയിണക്കാന്‍ കഴിയുക. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള ഉപകരണങ്ങള്‍ മിക്കതും കുറഞ്ഞ അന്തരീക്ഷ മലിനീകരണ സാധ്യതയേ സൃഷ്‌ടിക്കുകയുള്ളു. ഇ -മാലിന്യത്തില്‍ പിക്‌ചര്‍ ട്യൂബുകളാണല്ലോ വില്ലന്‍. ഇതിന്‌ പകരക്കാരനായുള്ള എല്‍.സി.ഡി. മോണിറ്ററുകള്‍ വളരെ കുറഞ്ഞ വൈദ്യുതിയെ ഉപയോഗിക്കുന്നുള്ളു. വില അല്‌പം കൂടുതലാണെങ്കിലും. ഒരു വര്‍ഷത്തെ വൈദ്യുത ചാര്‍ജ്ജ്‌ കൂടിചേര്‍ത്ത്‌ നോക്കുമ്പോള്‍ ആദായകരമാണെന്ന്‌ ബോധ്യമാകും. മാലിന്യതോത്‌ സി.ആര്‍.ടി. മോണിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കുറവാണ്‌ റേഡിയേഷനും.സോഫ്‌ട്‌വെയര്‍ വ്യവസായത്തിലെ പ്രവണതകള്‍ ഇ -മാലിന്യത്തിന്‌ കാരണമാകുന്നുണ്ട്‌. നമ്മുടെ ആവശ്യത്തിലും അധികമായുള്ള യൂട്ടിലിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ള സോഫ്‌ട്‌ വെയര്‍ വാങ്ങാന്‍ പ്രലോഭിപ്പിക്കുകയാണ്‌. പുതിയ സോഫ്‌ട്‌ വെയറുകള്‍ക്ക്‌ തക്ക ഹാര്‍ഡ്‌ വെയറും സംഘടിപ്പിക്കണമല്ലോ. ഇപ്പോഴത്തെ ഹാര്‍ഡ്‌വെയര്‍ ഇ -മാലിന്യമാകുമെന്ന്‌ പറയേണ്ടതില്ല. വേര്‍ഡ്‌ പ്രോസസിംഗ്‌ മാത്രം ഉപയോഗമുള്ള സ്ഥലങ്ങളിലും ഏറ്റവും കൂടിയ ശേഷിയുള്ള കംപ്യൂട്ടറുകളാണ്‌ വാങ്ങികൂട്ടുന്നത്‌. ഇനി ഇങ്ങനെ മാറ്റാന്‍ നിര്‍ബന്ധിതമാകുന്ന കംപ്യൂട്ടര്‍ നിങ്ങള്‍ ഒരു സ്‌ക്കൂളിന്‌ സംഭാവനയായി നല്‌കുന്നു എന്ന്‌ കരുതുക. നിലവിലുള്ള നിയമപ്രകാരം പുതിയ ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ഓഫീസ്‌ പാക്കേജും വിപണിയില്‍ നിന്ന്‌ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഏഴായിരത്തിലധികം രൂപ മുതല്‍മുടക്കണം. അല്ലെങ്കില്‍ `മൈക്രോസോഫ്‌ട്‌ പൊലീസ്‌' സോഫ്‌ട്‌ വെയര്‍ പകര്‍പ്പവകാശ ലംഘനത്തിന്‌ സ്‌ക്കൂളധികൃതരെ പിടികൂടിയേക്കാം. ഇവിടെയാണ്‌ സ്വതന്ത്രസോഫ്‌ട്‌വെയറുകളുടെ പ്രസക്തി. സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ഹാര്‍ഡ്‌ വെയര്‍ ശേഷിയുടെ പരമാവധി ഉപയോഗപ്പെടുത്തുകയും എന്നാല്‍ സാമ്പത്തികമായ ബാധ്യതകള്‍ ഉണ്ടാക്കുകയുമില്ല. മൈക്രോസോഫ്‌ടിന്റെ മാര്‍ക്കറ്റിംഗ്‌ തന്ത്രം ഇ -മാലിന്യത്തിന്‌ കാരണമാകുന്നുവെന്ന്‌ പറയാം.മാറിയ സമ്പദ്‌വ്യവസ്ഥയില്‍ കനത്ത വേതനം പറ്റുന്ന എന്‍ജീനിയര്‍മാരും ശാസ്‌ത്രജ്ഞരും ആഗോള കംപ്യൂട്ടര്‍ സ്ഥാപനങ്ങളുടെ അഭിവാജ്യ ഘടകമാണ്‌. ഈ കൂട്ടായ്‌മ തന്നെയാണ്‌ പുതിയ ഉല്‍പ്പന്നങ്ങള്‍ സൃഷ്‌ടിക്കുന്നതും. ഇതിന്റെ വാണിജ്യ സാധ്യതകള്‍ മുന്‍കൂട്ടി കാണുന്ന സംരംഭകര്‍ വന്‍ലാഭം കൊയ്യുകയും ചെയ്യും. എന്നാല്‍ ഇവരുടെ പ്രാവീണ്യത്തിന്റെയും ബുദ്ധി വൈഭവത്തിന്റെയും ചെറിയ ഒരംശമെങ്കിലും ഇവര്‍ തന്നെ സമ്മാനിച്ച ഇ -മാലിന്യത്തിന്റെ സംസ്‌ക്കരണത്തിന്‌ വിനിയോഗിക്കുന്നില്ല എന്നത്‌ ദുഃഖകരമായ വസ്‌തുതയാണ്‌.

3 comments:

ക്രിസ്‌വിന്‍ said...

അറിവുകള്‍ നിറഞ്ഞ ഒരു ലേഖനം
നന്ദി

Antony John said...

mONE DINESHA...VERY GOOD.
THANK YOU.

ഞാന് said...

വി.കെ ആദര്‍ശ്,
എന്റെ ബ്ലോഗ് സന്ദര്ശിച്ചതിനു നന്ദി.

ഈ തരത്തില് പ്രൈവറ്റ് കംബനികല് എന്തെല്ലാം ചെയ്യും ഭാവിയില്‍.
ആദ്യമേ നീയന്ത്രിചാല്‍ ശരിയാക്കാം എന്ന കാര്യം, സര്‍കാര്‍ ഒന്നും ചെയ്യുന്നില്ല.